കുന്നേറുന്ന കനവുകൾ
"പലരും പറഞ്ഞു പഴകിയ കഥയിലെ കഥാപാത്രങ്ങളെപ്പോലെ, യാതൊരു മാറ്റവുമില്ലാതെ എന്റെ ജീവിതവും ഒഴുകുന്നു. തുറന്നു പറച്ചിലുകൾ പരാതികളായി മാത്രം മാറുന്നു. രാവിലെ അഞ്ചു മുതൽ വൈകീട്ട് പതിനൊന്നു വരെ തിരിച്ചു വച്ചൊരു ഘടികാരം പലർക്കുവേണ്ടിയുമെന്നപോലെ എനിക്ക് വേണ്ടിയും ചലിക്കുന്നു..." ഛെ... ഇതിലെന്താണ് പുതുമ. അല്ലെങ്കിലും പുതുമക്ക് വേണ്ടി താൻ ഒന്നും ചെയ്യാറില്ലല്ലോ.ഇനി ചെയ്താൽ തന്നെ അതേറ്റവും പഴയതായി സ്വയം തോന്നുകയാണ് പതിവ്.. ഓഫീസിലെ തന്റെ ക്യാബിനിലിരുന്നു സ്ക്രിബ്‌ളിംഗ് പാഡിൽ കുത്തിക്കുറിക്കുമ്പോൾ ഉമയുടെ ചിന്തകളിൽ ഇതെല്ലം വിരുന്നെത്തുക പതിവാണ്. ഭൂതകാലത്തിലേക്കു മടങ്ങിപ്പോകാനാഗ്രഹിക്കുന്ന അനേകരിൽ ഒരാൾ മാത്രമാകുന്നു താൻ.. അല്ലാതെ തനിക്കു പുതിയതായൊന്നും പറയാനില്ല.. "അല്ല സൂര്യൻ ഇന്ന് ദിശ മാറിയെങ്ങാനുമാണോ ഉദിച്ചത്.ഉമാ മാഡം ഇന്ന് നേരത്തെയാണല്ലോ.!" ജിനിയാണ്.. ഓഫീസിൽ ഉമയോട് വല്ലതുമൊക്കെ സംസാരിക്കുന്ന ഒരേ ഒരാൾ.ബാക്കിയുള്ളവർക്ക് താനൊരു അത്ഭുതകഥാപാത്രം ആയിരിക്കാം.ജോസഫേട്ടൻ പറയുന്നതുപോലെ.."ദൂരേന്നു കാണാനേ കൊള്ളൂ സംസാരിച്ചാൽ പോയി.കരണത്ത് തല്ലുന്ന പോലെയാ സംസാരം.ഇനി അതല്ലാതെന്തെങ്കില...