ചുവടുകൾ..

എഴുതി തുടങ്ങുമ്പോ മനസ്സിൽ വല്ലാത്ത നഷ്ടബോധം വന്നു നിറയുന്ന മറ്റൊരു വിഷയമാണിത്. നൃത്തം... ഒരുകാലത്തു പ്രാണവായു പോലെ ആയിരുന്നു എനിക്കത്. നഴ്സറി ക്ലാസ്സുകളിലെ ആക്ഷൻ സോങ്‌സ് മുതൽ തുടങ്ങും സ്റ്റേജ് ഓർമ്മകൾ. എന്റെ ബാല്യകാലം മുതൽ ഏതാണ്ട് പി ജി കഴിയുന്നത് വരെ ഡാൻസ് പ്രോഗ്രാംസോ അതിന്റെ ചർച്ചകളോ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടുണ്ടാവില്ല ജീവിതത്തിൽ. അതിനോട് ഇഷ്ടം എന്നൊന്നുമല്ല പറയേണ്ടത് അത് ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു.

ഒരു മൂന്നാം ക്ലാസ്സ് മുതലാണ് ക്ലാസ്സിക്കൽ ഡാൻസ് ഒക്കെ പഠിക്കാൻ തുടങ്ങിയത്. ആദ്യം ചുമ്മാ സ്റ്റൈൽ കാണിക്കാൻ വേണ്ടിആണ് പോയിരുന്നത്. തുടങ്ങിയപ്പോ മനസ്സിലായി അത്ര എളുപ്പം ഉള്ള പരിപാടിയല്ല എന്നു. സുന്ദരേശൻ മാഷിന്റെ വടി  കൊണ്ടുള്ള ഏറും തല്ലും കൊറേ കൊണ്ടു. മുഴുവനാക്കുന്നതിനു മുൻപേ സർ ക്ലാസ്സ് നിർത്തി. അപ്പോഴേക്കും ഞാൻ ഡാൻസ് നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പാതി പഠിച്ച അറിവ് പോരായിരുന്നു എങ്കിലും, മേനകച്ചേച്ചി, രമ്യച്ചേച്ചി, ശാലുചേച്ചി, ഐശ്വര്യ, അങ്ങനെ എന്നെ പോലെ നൃത്തത്തെ സ്നേഹിച്ചിരുന്ന കുറെ കൂട്ടുകാരോടോപ്പൻ ഞാനും കോമ്പോസിങ്ങും പ്രോഗ്രാംസും ഒക്കെയായി നടന്നു.

പത്താം ക്ലാസ്സ് ഒക്കെ കഴിഞ്ഞപ്പോഴേക്ക് ഞങ്ങൾ ഒരു ട്രൂപ് ഒക്കെ തുടങ്ങിയിരുന്നു."യുവദർശന" ആ ബാനറിൽ കുറെ പരിപാടികൾ ഉണ്ടായി. അമ്പലങ്ങൾ, ഇനാഗുറേഷൻ ഫങ്ഷൻസ് അങ്ങനെ കുറെയേറെ. പരിപാടികളെക്കാൾ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് രസം.ആരുടെയെങ്കിലും ഒരാളുടെ വീട്ടിലായിരിക്കും പ്രാക്റ്റീസ്.എല്ലാരും കൂടെ നല്ല രസമായിരിക്കും.അന്നുണ്ടായ സംഭവങ്ങളൊക്കെ എഴുതാനാണെങ്കിൽ ഒരു ബുക് എഴുതേണ്ടി വരും.

ഇടക്ക് കുറച്ചു കാലം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ഡാൻസ് പഠിക്കാൻ പോയിരുന്നു. അതും മുഴുവനാക്കിയില്ല.

ഒരു പരിപാടിക്ക് വേണ്ടിയുള്ള പാട്ടുകൾ കണ്ടു പിടിക്കുക കംപോസ് ചെയ്യുക എല്ലാരും കൂടെ അതു സെറ്റ്  ചെയ്യുക പ്ലാൻ ചെയ്യുക ഇതിനിടയിൽ നടക്കുന്ന രസകരമായ കുറെ സംഭവങ്ങളും.... ഡാൻസ് ഇല്ലാതിരുന്ന ഒരു ദിവസത്തെ കുറിച്ചു ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. ഇന്ന് അതൊക്കെ ഓർക്കുമ്പോ ചെറിയ ഒരു ചിരി വരും ചുണ്ടിൽ. സന്തോഷമാണോ സങ്കടമാണോ എന്നു വിവേചിച്ചറിയാൻ പറ്റാത്ത അവസ്ഥ. അന്നത്തെ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്കുള്ള ദൂരം അളക്കുമ്പോൾ മാറ്റി വക്കപ്പെടുന്ന ഒരു വലിയ ഭാഗം അപഹരിക്കുന്നത് ഈ ഒരു വിഷയം തന്നെ ആയിരിക്കും. ഒരു പ്രോഗ്രാമോ പ്രാക്ടീസോ ഒക്കെ ഉണ്ടായിട്ട് ഇതെഴുതുന്ന സമയത്തേക്ക് ഏതാണ്ട് 7  വർഷം എങ്കിലും ആയിക്കാണും.

ഇന്നും ചില പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കുറച്ചു സമയത്തേക്കു ഓടി വരാറുണ്ട് ആ പാട്ടുകൾക്ക്  വേണ്ടി ചിലവഴിച്ച ദിനരാത്രങ്ങൾ......ചിലങ്കയുടെ ശബ്ദം.... അൾത്തയുടെയും, മേക്ക പ്പിന്റെയും  മണം... മുടി മുറുക്കി കെട്ടുമ്പോ ഉള്ള വേദന.. സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുന്പുണ്ടാകുന്ന ആ വിറയൽ... കളിക്കുന്നതിനിടെ പരസ്പരം നോക്കിയുള്ള ചില ഭാവപ്രകടനങ്ങൾ.... ഒടുവിലുള്ള നിലക്കാത്ത കരഘോഷങ്ങൾ...അഭിനന്ദനങ്ങൾ...സ്വയം വിലയിരുത്തലുകൾ....എല്ലാമെല്ലാം....

  



Comments

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ

അമ്മമ്മ