അമ്മമ്മ



അമ്മമ്മ ...എന്റെ കുട്ടിക്കാലത്ത്  ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന ആൾ. അന്നൊക്കെ വെക്കേഷൻ  എന്ന് പറഞ്ഞാൽ അതിൽ പ്രധാനമായ ഒരു കാര്യം കോങ്ങാട്ടേക്കുള്ള യാത്രയാണ്‌. അവിടെ അമ്മമ്മയും സുജിയും ഞങ്ങളെ കാത്തിരിപ്പുണ്ടാവും.സുജി മേമയുടെ മകൻ, പിന്നെ വല്യമ്മയും  വല്യച്ചനും മകനും( അജുവേട്ടൻ). അമ്മയുടെ തറവാട്ടിൽ ഇത്രയും പേരാണ് അന്നുണ്ടായിരുന്നത്.

അമ്മമ്മ, കാക്കയംകോട്  കുഞ്ഞിലക്ഷ്മി അമ്മ. വലിയ ഒരു തറവാട്ടിലെ റാണിയെ പോലെ ആയിരുന്നു. മച്ചും പത്തായവും, വടക്കിനിയും, പൂമുഖവും ഒക്കെയുള്ള അമ്മയുടെ തറവാട്ടിലെ വെളിച്ചമായിരുന്നു അമ്മമ്മ. അമ്മമ്മക്ക് 12 മക്കളാണ്. അമ്മ പതിനൊന്നാമത്തെ ആൾ.മക്കളും മരുമക്കളും പേരക്കിടാങ്ങളും  ഒക്കെയായി സന്തോഷത്തോടെയാണ് അമ്മമ്മ കഴിഞ്ഞിരുന്നത്. എല്ലാരും ഒരുമിച്ചുള്ള കൂടിച്ചേരലുകൾ അപൂർവമായിരുന്നു. എന്നാലും എല്ലാ വെക്കേഷനും ഞാനും അമ്മയും അനിയത്തിയും പോകും. അവിടെ അമ്മമ്മയുടെ സ്നേഹതണലിൽ ഇരിക്കുന്നത് ഒരു പ്രത്യേക സുഖം ആയിരുന്നു.

അനിയത്തി ഉണ്ടായപ്പോ പങ്കു വച്ച് പോയ സ്നേഹം കാരണം എനിക്കുണ്ടായ കുഞ്ഞു കുശുമ്പിനുളള മരുന്നായിരുന്നു അമ്മമ്മ. അന്ന് തറവാട്ടിൽ കുറെ പണിക്കാരൊക്കെ ഉണ്ട്. അമ്മമ്മേടെ വിശ്വസ്തനായിരുന്നു വാസുഎട്ടൻ. ആൾക്ക് ഒരു പത്തു മിനിറ്റ് കുറവ. എന്നാലും വലിയ സ്നേഹം ആയിരുന്നു.അമ്മമ്മ വീട്ടിലെ പച്ചക്കറികളും കിഴങ്ങും ഒക്കെ വിൽക്കാൻ പണിക്കാരുമായി ചന്തയിലേക്ക് ഒരു പോക്കുണ്ട്. അപ്പൊ എന്നോട് ചോദിക്കും അമ്മമ്മേടെ കുട്ടിക്ക് എന്താ വാങ്ങി കൊണ്ട് വരണ്ടേ എന്ന്. ഇന്നത്തെ പോലെ അല്ലല്ലോ അന്ന് രണ്ട് ഐറ്റംസ് ആണ് ലിസ്റ്റിൽ കപ്പലണ്ടിമിട്ടായി, ജീരകമിട്ടായി.

അമ്മമ്മ തിരിച്ചു വരുമ്പോ ഇത് മറന്നിട്ടുണ്ടാവും. അത് പതിവാ. പൂമുഖത്ത് അമ്മമ്മ വരുന്നതും കാത്തു നിക്കുന്ന എന്നെ കാണുമ്പോ  ഓർമ വരും. ഉടനെ ഒരു വിളിയ എടാ വാസ്വോ കുട്ടിക്ക് മിട്ടായി വാങ്ങാൻ മറന്നല്ലോ ഒന്ന് പോയി വാങ്ങിട്ട്  വാ. വാസുഎട്ടൻ ഒറ്റ ഓട്ടമാ . അര മണിക്കുറിൽ തിരിച്ചു വരും.

അങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട്. എനിക്ക് ചെറുപ്പത്തിൽ ബാലാരിഷ്ടത ഉണ്ടായിരുന്നു. എന്തൊക്കെയോ അസുഖങ്ങൾ.അമ്മമ്മ വൈദ്യരെ വച്ച് ദശപുഷ്പം എണ്ണ യൊക്കെ കാച്ചി തേപ്പിച് കുളിപ്പിക്കുമായിരുന്നു.

വെക്കേഷൻ കഴിഞ്ഞു പോകുമ്പോ അമ്മമ്മക്ക് വലിയ സങ്കടം ആയിരിക്കും. ഇനി എപ്പഴാ കുട്ട്യേ വര എന്ന് ചോദിക്കും. അടുത്ത വെക്കേഷന് എന്ന് മറുപടി.

ഞാൻ ഏട്ടാം ക്ലാസ്സിൽ പടിക്കുമ്പോഴാണ് അമ്മമ്മ മരിക്കുന്നത്. അന്ന് ആ മരണത്തിന്റെ വലിപ്പമോ അത് കൊണ്ടുണ്ടായ നഷ്ടമോ ഒന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ലായിരുന്നു. വർഷങ്ങൾക്കിപ്പുറം അമ്മമ്മയെ കുറിച്ച ഓര്ക്കുമ്പോ അനുഭവപ്പെടുന്ന  ആ  ശുന്യത... അത് നികത്താൻ വേറെ ആർക്കും കഴിയില്ല എന്ന് ഇന്ന് തിരിച്ചറിയുന്നു.





Comments

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ