പ്രിയ...

ഇന്ന് പ്രിയയെ ഓർക്കാൻ എന്തുണ്ടായി എന്നറിയില്ല. പെട്ടെന്ന് മനസ്സിലേക്ക് ആ മുഖം ഇങ്ങനെ വരുകയായിരുന്നു. ഓർക്കുമ്പോ ഇപ്പഴും വിശ്വസിക്കാൻ ഒരു പ്രയാസമാണ്. അവൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്ന്... ഞാൻ എപ്പോഴാണ് അവളെ ആദ്യായി കാണുന്നത് എന്നോർക്കുന്നില്ല. ചേച്ചീ എന്ന് വിളിച്ചു കിലുക്കാംപെട്ടി പോലെ കല പില വർത്തമാനം ഒക്കെ പറഞ്ഞു എപ്പഴും ചുറുചുറുക്കോടെയാണ് അവളെ ആദ്യമൊക്കെ കണ്ടിരുന്നത്. ലൈബ്രറി ആയിരുന്നു ഞങ്ങളുടെ പ്രധാന സംഗമ സ്ഥലം. എന്നെ പോലെ തന്നെ പുതിയ ബുക്ക്സ് ആദ്യം വായിക്കണം എന്ന കൂട്ടത്തിലായിരുന്നു പ്രിയയും.
രണ്ടു വശവും പിന്നി കെട്ടിയ ഉള്ളുള്ള നീണ്ട മുടിയും, വിടർന്ന കണ്ണുകളും എപ്പഴും നിറഞ്ഞ ചിരിയും ആയിരുന്നു ആരെയും അവളിലേക്ക് ആകർഷിക്കുന്ന പ്രത്യേകതകൾ. വായന തുടങ്ങിയാൽ പിന്നെ ആളാകെ മാറും. അത് വരെ കലപില വച്ചിരുന്ന ആളുടെ ശബ്ദം പിന്നെ ആരും കേക്കില്ല. അവൾക്ക് അത്രക്ക് ഇഷ്ടമായിരുന്നു വായന. അന്ന് എന്റെ സന്തത സഹചാരി എന്ന് പറയുന്നത് ദിവ്യയാണ്. ഞങ്ങൾ ഒരുമിച്ചാണ് പ്രിയയെ ആദ്യം കാണുന്നതും. നന്നായി പാട്ടു പാടുമായിരുന്നു ദിവ്യയുടെ പുറകെ ഒരു പാട്ടു പാട് ചേച്ചി എന്നും പറഞ്ഞു നടക്കുമായിരുന്നു പ്രിയ.
എൻ എസ് എസ്സിന്റെ ക്യാമ്പുകൾ ആണ് ഞങ്ങളെ പ്രിയയുമായി കൂടുതൽ അടുപ്പിച്ചത്. ഭഗവത്ഗീത പാരായണം, പ്രസംഗ മത്സരം അങ്ങനെ നടക്കുന്ന മത്സരങ്ങളിലെല്ലാം പ്രിയ അവളുടെ ശക്തമായ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും അവളെ ശ്രദ്ധിക്കാൻ തുടങ്ങി.
ഒരിക്കൽ, അന്ന് പ്രിയ കുറച്ച വൈകിയാണ് ക്യാമ്പിൽ വന്നത്. രാവിലെ ഒരു പ്രസംഗ മത്സരം നടത്തിയിരുന്നു. നമുക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിത്വത്തെ കുറിച്ചും അവരിലേക്ക് നമ്മളെ ആകർഷിച്ച ഘടകം എന്താണെന്നും ആണ് സംസാരിക്കേണ്ടിയിരുന്നത്. ഞങ്ങൾ എല്ലാവരും പലരെ പറ്റിയും സംസാരിച്ചു. എല്ലാം കഴിഞ്ഞാണ് പ്രിയ എത്തിയത്. അവൾ അന്ന് കർണ്ണനെ കുറിച്ചാണ് സംസാരിച്ചത്. അവളുടെ വാക്കുകൾ അവസാനിക്കുന്നത് വരെ ക്യാമ്പിൽ സൂചി വീണാൽ കേൾക്കുന്ന നിശബ്ദത ആയിരുന്നു. അന്ന് എല്ലാവരും അവളെ പ്രശംസകൾ കൊണ്ട് മൂടി. അത്ര ഗംഭീരമായിരുന്നു അവളുടെ പ്രകടനം.
എവിടെയാണ് അവൾക്ക് വീഴ്ചകൾ പറ്റി തുടങ്ങിയതെന്നറിയില്ല. അടുത്ത വർഷത്തെ ക്യാമ്പിന് അവൾ വന്നില്ല. ഞങ്ങൾ അവളെ തിരക്കി വീട്ടിൽ ചെന്നു. അടുത്ത ദിവസം മുതൽ വരാം എന്ന് അവൾ പറയുകയും ചെയ്തു. അടുത്ത ദിവസം ക്യാമ്പിൽ വന്ന പ്രിയക്ക് എന്തൊക്കെയോ മാറ്റങ്ങൾ എല്ലാവർക്കും തോന്നിയിരുന്നു. റിപ്പോർട്ടിങ് ചെയ്യാൻ വന്ന പ്രിയ ചുറ്റും ഭയത്തോടെ നോക്കി വിറച്ചു കൊണ്ട് നിന്നു . അവിടെ വച്ചിരിക്കുന്ന ഗാന്ധിയുടെയും മന്നത്ത് പദ്മനാഭന്റെയും ഒക്കെ ചിത്രങ്ങൾക്ക് നേരെ ഭയത്തോടെയാണ് അവൾ നോക്കിയിരുന്നത്. എന്ത് പറ്റി എന്ന ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി എല്ലാവരെയും സംശയത്തിലാക്കി. ഇവർ മരിച്ച ആളുകളല്ലേ. ഇവരുടെ ചിത്രം എന്തിനാ ഇവിടെ വച്ചിരിക്കുന്നത്. എനിക്ക് ഭയമാകുന്നു എന്നാണ് അവൾ അന്ന് പറഞ്ഞത്.
ആർക്കും ഉൾക്കൊള്ളാനാവാത്ത മാറ്റമാണ് പിന്നീടങ്ങോട്ട് പ്രിയയിൽ ഉണ്ടായത്. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ പെട്ടെന്ന് പഠനം നിർത്തി. കാലിൽ വല്ലാതെ നീർക്കെട്ട് വരുന്നു എന്നൊക്കെ പ്രിയയുടെ 'അമ്മ പറഞ്ഞു കേട്ടിരുന്നു. മാനസിക പ്രശ്നങ്ങൾ ആണെന്ന് മറ്റു പലരും... പല ചികിത്സകൾ നടത്തുന്നതായും കേട്ടിരുന്നു. അവളെ വീട്ടിൽ പോയി കാണാൻ എന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു എനിക്ക്. ചിരി മാഞ്ഞ അവളുടെ മുഖം കാണാൻ ഉള്ള മനസ്സ് ഇല്ലായിരുന്നു.
എങ്കിലും ഒരിക്കൽ ഞാനും ദിവ്യയും ഒന്ന് പോയി കണ്ടു. ഞങ്ങളെ കണ്ട ഒരു ഭാവം പോലും അവളുടെ മുഖത്തില്ലായിരുന്നു. അപരിചിതരെ കണ്ടത് പോലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്നു പോയി. ഇനി ഒരിക്കലും ഞാൻ അവളെ കാണാൻ വരില്ലെന്ന് ദിവ്യയോട് പറഞ്ഞിരുന്നു അന്ന്. അത്രക്കു വേദനാജനകം ആയിരുന്നു ആ കുട്ടിയുടെയും വീട്ടുകാരുടെയും അവസ്ഥ.
പിന്നീട് പഠനവും ജോലിയും ഒക്കെയായി ഞാൻ എന്റെ തിരക്കുകളിലേക്ക് മാറി. എങ്കിലും വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം അമ്മയോട് അവളെ പറ്റി തിരക്കുമായിരുന്നു. അസുഖം ഒക്കെ മാറി അവൾ മിടുക്കിയായി എന്നൊക്കെ 'അമ്മ ഒരിക്കൽ പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി അന്ന്. പഠിത്തം ഒക്കെ വീണ്ടും തുടങ്ങി എന്നും കേട്ടു. എന്തോ ഒരു കാലക്കേടായിരുന്നു, എല്ലാം മാറിക്കാണും ഇപ്പൊ എന്നൊക്കെ നാട്ടുകാരും പറഞ്ഞു. പിന്നീട് അവളെ കാണാനുള്ള അവസരമൊന്നും എനിക്കുണ്ടായില്ല. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്നും.. പിന്നെ ശരിയായി എന്നും ഒക്കെ പലപ്പോഴായി പലരും പറഞ്ഞു കേട്ടു.
ഒരിക്കൽ ഹൈദരാബാദിൽ നിന്നും ഞാൻ നാട്ടിൽ എത്തിയ ദിവസം അച്ഛൻ ഒരു മോശം വാർത്തയുമായാണ് വീട്ടിൽ വന്നത്. അമ്മയോട് സംസാരിക്കുന്നത് ഞാൻ കേൾക്കുകയായിരുന്നു. നമ്മുടെ തങ്കമണി ചേച്ചിക്കും (പ്രിയയുടെ 'അമ്മ )മകൾക്കും ഒരു ആക്സിഡന്റ് ഉണ്ടായി എന്നും, റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരു കാർ ഇടിച്ചതാണെന്നും. എന്തൊരു ഒഴിയാ ബാധയാണോ ആ കുടുംബത്തിന് എന്നൊക്കെ അമ്മയും അച്ഛനും പരസ്പരം പറയുന്നുണ്ടായിരുന്നു. അന്നത്തെ ആക്‌സിഡന്റിൽ പ്രിയയുടെ 'അമ്മ കാര്യമായി ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. പ്രിയക്ക് കഴുത്തിന്റെ പുറകിലെ എല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. അവൾ കോമ സ്റ്റേജിലായി. ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു... പിന്നീട് അറിയുന്നത് അവൾ ഈ ലോകം വിട്ടു പോയി എന്നാണ്.....
ഓർക്കുമ്പോ മനസ്സ് വല്ലാതെ വിങ്ങും... എന്തിനാണ് അവളെ ഈശ്വരൻ ഇത്രയും വേദനിപ്പിച്ചത് എന്നറിയില്ല. നിഷ്കളങ്കയായ ഒരു പെൺകുട്ടി.. എല്ലാവരും സ്നേഹിച്ചിരുന്ന, കൗതുകത്തോടെ നോക്കിയിരുന്ന ഒരു കുട്ടി.... എനിക്കെന്നല്ല അവളെ അറിയുന്ന ഒരാൾക്കും ഇതൊന്നും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടുണ്ടാവില്ല... ചില ദിവസങ്ങളിൽ ആരും ക്ഷണിക്കാതെ തന്നെ അവളുടെ ഓർമ്മകൾ എന്നിലേക്കും വരും.. ഒരു കടങ്കഥ പോലെയുള്ള അവളുടെ ജീവിതകഥ എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട് ഇന്നും ....
Good
ReplyDelete