"ഞാൻ" അന്തമില്ലാത്ത ചിന്തകൾ

ഇന്ന് വരെ ചിന്തിച്ചു കൂട്ടിയതിൽ വച്ച് ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ ടോപ്പിക്ക് എനിക്ക് " ഞാൻ" തന്നെയാണ്.  എത്ര ചിന്തിച്ചാലും ഞാൻ ഇതാണ് അല്ലെങ്കിൽ ഇങ്ങനെയാണ് എന്നൊരു ഉറപ്പിൽ എത്തിച്ചേരാൻ സാധിക്കാറില്ല. ഒരുപാട് ആടിയുലയുന്ന മനസ്സും ചിന്തകളും ആശയങ്ങളും എല്ലാം കൂടി ചേർന്ന എന്തോ ആണ് ഞാൻ. മാറിക്കൊണ്ടിരിക്കുന്ന ഇഷ്ടങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ.... അങ്ങനെ ഒന്നിൽ പൂർണമായും ഉറച്ചു നിൽക്കുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമായി തോന്നാറുണ്ട്. ചിലപ്പോഴൊക്കെ തോന്നും ഈ ഞാൻ മാത്രമാണോ എന്റെ ഉണ്ണിഗണപതീ ഇങ്ങനെ എന്ന്....

ഇതുവരെ മനസ് പൂർണമായും പങ്കു വെക്കാവുന്ന, എനിക്ക് പൂർണമായി മനസ്സിലാകുന്ന ഒരു നല്ല സുഹൃത്ത് ഉണ്ടായിട്ടില്ല. എന്റെ വിചിത്രമായ സ്വഭാവമാണോ കാരണം എന്നറിയില്ല. പക്ഷെ എണ്ണിയാൽ തീരാത്തത്ര നല്ല സൗഹൃദങ്ങൾ ഉണ്ട്. കുറെ ഏറെ നല്ല സുഹൃത്തുക്കൾ.എവിടെ പോയാലും എന്റേതായ ഒരു സ്പെയ്സ് കണ്ടെത്താൻ സാധിക്കാറുണ്ട്. ഞാനുമായി ചേർന്ന് പോകുന്ന കുറെ ആളുകൾ. പക്ഷെ നിലനിർത്തുന്നതിലാണ് പരാജയപ്പെടുന്നത്. ടെംപററി റിലേഷൻഷിപ്സിന്റെ ഒരു ഘോഷയാത്രയാണ് പലപ്പോഴും ജീവിതം. എന്നാൽ ആരോടും പിണങ്ങിപ്പിരിയാറില്ല. എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് കണ്ടാൽ ചിരിക്കാതെ പോകുന്ന രീതിയിൽ ഒന്നും അവശേഷിപ്പിക്കാറുമില്ല. അത് ഗുണമാവാം.

ഒരുപാട് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പക്ഷെ എന്റെ ഭാഗം പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന പരിപാടി ഇത് വരെ ഇല്ല. ധാരണകൾ എന്തായാലും അത് അതുപോലെ നിൽക്കട്ടെ എന്നൊരു കൊനഷ്ട് ചിന്തയാണ് എപ്പഴും. വലിയ ആൾ എന്നുള്ള അഹങ്കാരം ആവും ചിലപ്പോ. എന്നാലും അഹങ്കാരി എന്നുള്ള പേര് ഇത് വരെ കേൾപ്പിച്ചിട്ടില്ല.

വേണ്ട സമയത് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നൊരു ചൊല്ലുണ്ടല്ലോ, എന്നെ കൊണ്ട് ഒരിക്കലും പറ്റിയിട്ടില്ലാത്ത ഒരു സംഭവ അത്. പലപ്പോഴും എല്ലാം കഴിയുമ്പഴാണ് ബോധോദയം ഉണ്ടാവുക. വലിയ വലിയ പ്രശ്നങ്ങളെ ഒക്കെ നിസ്സംഗതയോടെ നേരിടും. അത് വലിയ ധൈര്യം ഉണ്ടായിട്ടൊന്നും അല്ല. മിക്ക പ്രശ്നങ്ങളും ഞാനായിട്ട് തന്നെ ഉണ്ടാക്കുന്നതായതോണ്ട് വേറെ ഓപ്‌ഷൻസ് ഉണ്ടാവാറില്ല..... "എന്ത് സംഭവിച്ചാലും ഒരു കുലുക്കവും ഇല്ലാത്തവൾ" എന്നൊരു സർട്ടിഫിക്കറ്റ് ഇതുമൂലം ചാർത്തികിട്ടിയിട്ടുണ്ട്. പിന്നൊരു അപവാദം സ്വാർത്ഥയാണ് എന്നതാണ്. ഞാൻ ഇത് ഒരിക്കലും സ്വയം സമ്മതിക്കാറില്ല. മറ്റുള്ളവരോട് അല്ല എന്ന് പറയാറും ഇല്ല. നേരത്തെ പറഞ്ഞില്ലേ ധാരണകൾ അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന് അഹങ്കരിക്കും.

പറയുന്നവരെ കുറ്റം പറയാൻ പറ്റില്ല. ജീവിതത്തിൽ ഞാനെടുത്ത പല തീരുമാനങ്ങളിലും സ്വാർത്ഥതയുടെ ഒരു ഛായ കലർന്നിരുന്നു. പുറകിലെ കാരണങ്ങൾ ആരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.

ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോ ഇല്ലെന്നെല്ല.. പണ്ടത്തെ ഇൻഡിവിജ്വൽ ഡ്രീംസ് ഒക്കെ ഇപ്പൊ കളക്ടീവ് സ്വപ്നങ്ങൾക്ക് വഴിമാറി.... നൃത്തം, ആങ്കറിങ്, ജേർണലിസം അങ്ങനെ മുക്കിലെ ചവറ്റുകുട്ടയിൽ കിടക്കുന്ന സ്വപ്‌നങ്ങൾ അനേകമാണ്.ഓരോന്നിനും പകരം മുന്നിൽ ഓരോ കാരണങ്ങൾ വന്നു നിന്നപ്പോ എടുത്തു കുട്ടയിലോട്ട് തട്ടി.

ഏറ്റവും സന്തോഷം തരുന്ന കാര്യങ്ങൾ... വീട്ടിൽ എല്ലാവരോടും ഒപ്പം ചിലവഴിക്കുന്ന കുറെ നല്ല സമയം.പിന്നെ നല്ല സുഹൃത്തുക്കളോടൊപ്പമുള്ള ഔട്ടിങ്, മൂവി.... രണ്ടാമത് പറഞ്ഞതിൽ പലതും ക്യാൻസൽഡ്   പ്ലാൻസിന്റെ ലിസ്റ്റിൽ പെട്ട് പോകാറുണ്ട്... പിന്നെ ഒരിഷ്ടം ജോബ് ആണ്.. ജോലിയിലെ തിരക്കുകൾ, ചെറിയ വെല്ലുവിളികൾ, അഭിനന്ദനങ്ങൾ, അംഗീകാരങ്ങൾ, സഹപ്രവർത്തകർ.... ഇതുവരെ ചെയ്ത ഒരു ജോലിയും മടുത്തിട്ടില്ല. അതൊരു ദൈവാനുഗ്രഹം ആണ്.

പെട്ടെന്ന് സ്വാധീനിക്കപ്പെടുന്ന ഒരു മനസ്സാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. സ്നേഹിക്കുന്നവർക്ക് എളുപ്പത്തിൽ മുറിവുണ്ടാക്കാൻ പറ്റുന്ന മനസ്സ്. ആരോടും വെറുപ്പും വിദ്വേഷവും സൂക്ഷിക്കാറില്ല. ഒന്നും മറക്കാറും  ഇല്ല.

സ്നേഹിക്കുന്നവരോട് പൂർണമായും നീതി കാണിക്കാൻ സാധിച്ചിട്ടില്ല. വേദനിപ്പിച്ചതിനെല്ലാം പകരം സന്തോഷങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാറുണ്ടെങ്കിലും ചില മുറിവുകൾ അങ്ങനെ ഉണങ്ങാതെ കിടപ്പുണ്ട്.
ആ മുറിവുകൾ ഉണക്കാനുള്ള ശ്രമങ്ങളിലേക്കാണ് ഇപ്പോഴത്തെ ഓരോ പ്രഭാതങ്ങളും കണ്ണ് തുറക്കുന്നത്.

പലപ്പോഴും ജീവിക്കാൻ മറന്നു പോകുന്നതായി തോന്നാറുണ്ട്. പിന്നെ തോന്നും ഇത് തന്നെയാണല്ലോ ജീവിതം എന്ന്.മദ്ധ്യവർഗത്തിന്റെ ഒരു ഭാഗം എന്ന നിലക്കുള്ള ചില പിടിവലികൾ, അതങ്ങനെ ഇടയ്ക്കിടെ വന്നുപോയി സ്വപ്നങ്ങളെ കുട്ടയിലെത്തിക്കുന്ന കാര്യത്തിൽ  അവരുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്യാറുണ്ട്.

മതം,ദൈവം ഈ വക കാര്യങ്ങളിലൊന്നും ആരുമായും തർക്കങ്ങൾക്ക് പോകാറില്ല. അന്ധമായ വിശ്വാസങ്ങളുമില്ല. വിശ്വാസങ്ങളെ കുറിച്ചുള്ള അമിതമായ അഭിപ്രായപ്രകടനങ്ങളെല്ലാം ശ്വാസം മുട്ടിക്കുന്നതായി തോന്നും. ഏതെങ്കിലും കാരണവശാൽ കേൾക്കാനിടയായാൽ ഉടനെ സ്ഥലം കാലിയാക്കുക എന്നതാണ് പതിവ്.ജനിച്ച നാൾ മുതൽ  ശീലിച്ചു പോന്ന ചില  വിശ്വാസങ്ങൾ കൂടെ ഉണ്ട് എന്നത് മാത്രമാണ് എന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനം.

ഇതെല്ലാം കൂടെ ചേർത്തു വായിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു അവ്യക്തതയുണ്ടല്ലോ, അത് തന്നെയാണ് ഞാൻ. ഒരുപക്ഷെ ഓരോരുത്തരും അങ്ങനൊക്കെ തന്നെ ആയിരിക്കും


Comments

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ

അമ്മമ്മ