അച്ഛൻ മാത്രമായിരുന്നു കൂടെ...

"അങ്ങനെ ഒരു വീടായി. എന്തൊക്കെ സഹിച്ചു. എത്ര പ്രാർത്ഥിച്ചു.. സുമിത്ര പറയാ സൗകര്യങ്ങളൊക്കെ കുറവാണല്ലോന്ന്.. ഇതുണ്ടാക്കാൻ എന്റെ കുട്ടി പെട്ട പാട് എനിക്കറിയാലോ.. അച്ഛനുണ്ടായില്ല ഇതൊന്നും കാണാൻ. ആ പാവത്തിന് എത്ര സന്തോഷവുമായിരുന്നു.. 'അമ്മ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്..

അച്ഛൻ.. അധികം സംസാരങ്ങളില്ലായിരുന്നു തമ്മിൽ.. പക്ഷെ മൗനം കൊണ്ട് തീർത്ത ആ വേലിക്കെട്ടിനുള്ളിൽ നിന്ന് എത്ര കരുതലോടെയാണ് ഒരു കുടുംബത്തെ അദ്ദേഹം സംരക്ഷിച്ചു പോന്നത്.. പഠിക്കണമെന്നോ ജോലി നേടി കുടുംബം നോക്കണമെന്നോ ഒന്നും പറഞ്ഞു നിർബന്ധിച്ചിട്ടില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് എന്താണ് അച്ഛൻ ചെയ്യുന്നത് എന്ന്. എന്തിനാണിങ്ങനെ ജീവിക്കുന്നത് എന്ന് പോലും.... നൂറായിരം ആഗ്രഹങ്ങൾ പലപ്പോഴായി ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ടാവും ആ മനസ്സിൽ.. മകൻ വളർന്നു ഒരു ദിവസം ആ ചുമലിൽ നിന്ന് ഭാരങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവും...

ഭാര്യവീട്ടിൽ ഉണ്ടുറങ്ങിക്കഴിയുന്ന ആൾ എന്ന് പറഞ്ഞു പലരും പുച്ഛത്തോടെ നോക്കിയിട്ടുണ്ടാവും അച്ഛനെ. വലിയ ആഢ്യത്വമുള്ള അമ്മയുടെ തറവാട്ടിൽ, അമ്മമ്മയുടെ തണലിൽ ഒതുങ്ങി ജീവിക്കാൻ സമ്മതം മൂളിയത് ഒരുപക്ഷെ എന്റെ ഭാവിയെ കരുതിയാവും...അച്ഛനും അമ്മക്കും വൈകിയുണ്ടായ മകൻ. കുഞ്ഞു നാൾ മുതലേ പല വിധ രോഗങ്ങൾ. എന്റെ കുട്ടിക്ക് ബാലാരിഷ്ടത കുറച്ചധികം കാലം ഉണ്ട് എന്ന് സങ്കടത്തോടെ 'അമ്മ പലരോടും പറയുന്നത് കേട്ടിട്ടുണ്ട്. പേടിച്ചു പേടിച്ചാണ് 'അമ്മ വളർത്തിയത്.

"എണ്ണ കൂടുതൽ കഴിച്ചാൽ അവനു വയറിനസുഖം വരും, ഓടി വിയർത്തൽ അടുത്ത ദിവസം പനിയാണ്, ആഹാരം അധികം കഴിക്കാൻ പറ്റില്ല" തുടങ്ങി ഞാൻ പോലുമറിയാത്ത കുറവുകൾ സ്നേഹക്കൂടുതൽ കൊണ്ട് 'അമ്മ പലപ്പോഴായി അടിച്ചേൽപ്പിച്ചു തന്നു.

എന്നും രാവിലെ ഉണർന്നെണീറ്റു വരുമ്പോ അച്ഛൻ വീട്ടിൽ ഉണ്ടാവില്ല. അതിരാവിലെ എത്തുന്ന ന്യൂസ്പേപ്പർ കെട്ടുകൾ എടുക്കാൻ പോയിക്കാണും.  പേപ്പർ വിതരണം കഴിഞ്ഞാൽ അടുത്ത പണി ലോട്ടറി വിൽപ്പനയാണ്. സ്വന്തം വരുമാനം ഉണ്ടാക്കാൻ അച്ഛൻ തിരഞ്ഞെടുത്ത രണ്ടു വഴികൾ. പഴയ തുരുമ്പെടുത്ത സൈക്കിളിൽ ചുമച്ചു ചുമച്ചു അച്ഛൻ വൈകുന്നേരം എത്തും. ബാക്കി വന്ന ലോട്ടറി ടിക്കെറ്റുകളും എന്തെങ്കിലുമൊരു കൊച്ചു പലഹാരപ്പൊതിയുമായി.. ശ്വാസം മുട്ടൽ വളരെ മുൻപേ അച്ഛന്റെ കൂടെ കൂടിയതാണ്. ഓർമ്മ വച്ച നാളുകൾ മുതൽ അച്ഛൻ എന്നാൽ  ചുമച്ചു ചുമച്ചു അൽപം വളഞ്ഞു നടക്കുന്ന ഒരു ദുർബലരൂപമാണ് .

"വയ്യാത്തപ്പോ എന്തിനാ ശ്രീധരാ നീയീ പണിക്കു പോണെ എന്ന് അമ്മമ്മ പതിവായി അച്ഛനോട് ചോദിക്കുന്നത് കേൾക്കാം.അച്ഛൻ കൊണ്ട് വരുന്ന പലഹാരപ്പൊതി അഴിച്ചു നോക്കുന്നതിനിടയിൽ ഞാനും ആലോചിക്കും അച്ഛന് ഇവിടെ ഇരുന്നാൽ പോരെ എന്ന്.. അച്ഛൻ ഒന്നും മിണ്ടാതെ പതിയെ നടന്നു ഉമ്മറത്തിണ്ണയുടെ അങ്ങേ അറ്റത്തു ചെന്നിരിക്കും..അച്ഛന്റെ സ്ഥിരം സ്ഥലമതാണ്...കുട്ടിക്ക് ലോട്ടറി വേണോ കളിയ്ക്കാൻ എന്നും ചോദിച്ചു പഴയ ടിക്കറ്റുകൾ കയ്യിൽ വച്ച് തരും...അമ്മയുടെ കയ്യിൽ അന്നത്തെ വരുമാനം വച്ച് കൊടുക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലുണ്ടായിരുന്ന ഭാവത്തിന്റെ അർത്ഥം എന്തായിരുന്നു എന്നറിയാൻ അവിടുന്നിങ്ങോട്ട് ഏറെ ദൂരം വരേണ്ടി വന്നു..

എട്ടാം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയം, അച്ഛന് അസുഖം കൂടി കൂടി വന്നു. ആശുപത്രി യാത്രകൾ പതിവായി, ചുമയുടെ ശബ്ദവും എണ്ണവും കൂടുതലാവുകയായിരുന്നു.. എന്നിട്ടും തുരുമ്പെടുത്ത സൈക്കിളും അച്ഛനും വിശ്രമിക്കാതെ ജോലി തുടർന്നു....

 "ഇനി കുട്ടി വേഗം ജോലി കിട്ടണ ഏതെങ്കിലും കൂട്ടം പഠിക്കാൻ പോയാ മതി.രാധേടത്തിയും ഒക്കെ അതന്ന്യ പറയണേ.ഏതോ ടെക്നിക്കൽ സ്‌കൂളോ അങ്ങനെ എന്തൊണ്ടല്ലോ അറിയില്ലേ നിനക്ക്. നമുക്ക് വേറെ ആരൂല്ല്യ അമ്മമ്മേടെ കാലം കഴിഞ്ഞാൽ ഇവടെ നിക്കാൻ പറ്റോന്നു പോലും ഉറപ്പില്ല്യ. ഈ വീടും തൊടിയും ഒക്കെ ഇങ്ങനെ തന്നെ ഇണ്ടാവോന്നും എനിക്കിപ്പോ ഉറപ്പില്ല ഹരിക്കുട്ടാ. അറിയാലോ നിന്റച്ഛനെക്കൊണ്ട് അന്നന്നത്തേക്കുള്ളത് നോക്കാനല്ലാതെ ഒന്നും സമ്പാദിച്ചു വക്കാൻ സാധിച്ചിട്ടില്ല. അസുഖവും കൂടി വരാ.. അമ്മക്കിനി നീയല്ലാണ്ടാര" കണ്ണ് നിറച്ചോണ്ട് 'അമ്മ പറഞ്ഞു..

തറവാടും തൊടിയും കുളവും സ്‌കൂളും വിരലിലെണ്ണാവുന്ന കൂട്ടുകാരും മാത്രമുള്ള എനിക്ക് 'അമ്മ ഈ പറഞ്ഞതൊന്നും പൂർണമായും മനസ്സിലായിട്ടുണ്ടായില്ല അന്ന്..

ഉമ്മറത്തിണ്ണയുടെ അറ്റത്ത് ആളനക്കമില്ലാതായ നാളിൽ എന്തിനെന്നു പോലുമറിയില്ലെങ്കിലും കണ്ണ് നിറഞ്ഞൊഴുകി..

 "കഷ്ടം തന്നെ അല്ലെങ്കിലും സരസ്വതിയമ്മക്ക് എന്നും കഷ്ടന്ന്യേണ്ടായിട്ടുള്ളു. ഒരു ചെക്കൻകുട്ടിയാണല്ലോന്ന് കരുതി സമാധാനിക്കാം അല്ലാണ്ടെന്താ" പിറുപിറുക്കലുകൾ ഇങ്ങനെ അങ്ങിങ്ങു കേടട്ടു...

നിർത്തി നിർത്തിയുള്ള ചുമയുടെ ശബ്ദം ഇടയ്ക്കിടെ ചെവിയിൽ കേൾക്കുന്നതുപോലെ തോന്നും.. ലോട്ടറി ടിക്കറ്റുകൾ എടുത്തു വച്ച് അതിലേക്കു നോക്കിയിരിക്കുന്ന എന്നെ നോക്കി 'അമ്മ നിശബ്ദമായി കരയുന്നതും ഓർമ്മചിത്രമായി ഇന്നുമുണ്ട് മനസ്സിൽ..

പിന്നീടങ്ങോട്ടാണ് ഹരി എന്ന ഞാൻ ജീവിതം എന്താണെന്നറിഞ്ഞത്. നഷ്ടപ്പെടുമ്പോൾ മാത്രം വിലയറിയുന്ന ചിലതുണ്ട് ജീവിതത്തിലെന്നതാണ് ആദ്യം പഠിച്ച പാഠം .. പഠിപ്പു തുടരാൻ വേണ്ടി ഒഴിവു സമയങ്ങളിൽ ട്യൂഷൻ, അച്ഛന്റെ സൈക്കിളിൽ ന്യൂസ്‌പേപ്പർ വിതരണം....

അതിരാവിലെ എണീക്കാൻ മടി തോന്നുമ്പോഴെല്ലാം അച്ഛന്റെ ചുമയും തുരുമ്പു പിടിച്ച സൈക്കിളിന്റെ ശബ്ദവും ചെവിയിൽ മുഴങ്ങും...ടെക്നിക്കൽ സ്‌കൂളിലെ സർടിഫിക്കറ്റൊന്നും ജീവിക്കാനുള്ള വഴി കാണിച്ചു തരാൻ പോന്നതല്ലായിരുന്നു. പല വേഷങ്ങൾ എടുത്തണിഞ്ഞു. തിരുവനന്തപുരത്തും, കോട്ടയത്തും, കോയമ്പത്തൂരും എന്നിങ്ങനെ പലയിടത്തും മാറി മാറി പല ജോലികൾ. ദൂരേക്കയക്കാൻ അമ്മക്ക് പേടിയായിരുന്നു... അമ്മയെ  തനിച്ചാക്കി എവിടെയും പോകാനുമായിരുന്നില്ല...

ഒരു സർക്കാർ ജോലി നേടുക എന്നത് വലിയൊരു ലക്ഷ്യമായി എടുത്തു...തളരുമ്പോഴെല്ലാം അച്ഛന്റെ രൂപം മനസ്സിൽ വന്നു.. അമ്മയുടെ സങ്കടങ്ങളുടെയും അച്ഛന്റെ നിശബ്ദമായ സ്നേഹത്തിന്റെയും അനുഗ്രഹങ്ങളുടെ ഫലമെന്നോണം ആഗ്രഹിച്ചതുപോലെയുള്ളൊരു ജോലി നേടി.. ഇന്ന് ഏറ്റവും വലിയ സ്വപ്നമായ വീടിനു മുന്നിൽ ഇങ്ങനെ നിൽക്കുമ്പോഴും തറവാടിന്റെ ഉമ്മറതിണ്ണയുടെ അറ്റത്ത്  നെഞ്ച്  പൊത്തിപ്പിടിച്ചു ചുമച്ചുകൊണ്ട് ചോദിച്ചിരുന്ന " കുട്ടിക്ക് കളിയ്ക്കാൻ ലോട്ടറി ടിക്കറ്റ് വേണോ" എന്ന ചോദ്യത്തിലെ സ്നേഹത്തിന്റെ കടൽ തിരകളാണ് മനസ്സിൽ...

അമ്മയുടെ വാക്കുകളിലെല്ലാം അഭിമാനമാണ്. എല്ലാവരോടും 'അമ്മ പറയുന്നുണ്ട്  "അച്ഛനില്ലാതെ എന്റെ കുട്ടി കഷ്ടപ്പെട്ടുണ്ടാക്കിയതാ ഇതെല്ലാം"

അച്ഛൻ കൂടെയില്ലായിരുന്നെന്നു ആര് പറഞ്ഞു. അച്ഛൻ മാത്രമായിരുന്നു കൂടെ. ചെയ്തു തരുന്ന ഓരോ സഹായങ്ങൾക്കും കണക്കു സൂക്ഷിച്ചിരുന്ന ബന്ധുക്കളുടെയും, വാക്കുകളാൽ കുത്തി മുറിവേൽപ്പിക്കാൻ മത്സരിച്ചിരുന്നു നാട്ടുകാരുടേയുമൊക്കെ മുന്നിൽ മറുപടിയില്ലാതെ നിൽക്കുമ്പോഴും, ചുമച്ചു ചുമച്ചു തളർന്നു പോകുമ്പോഴും തോറ്റുകൊടുക്കാതെ തുരുമ്പു പിടിച്ചൊരു സൈക്കിളിൽ വൈകുന്നേരത്ത് അമ്മയുടെ കയ്യിൽ വച്ചുകൊടുക്കാനുള്ള ഒന്നോ രണ്ടോ നോട്ടുകൾക്കു വേണ്ടി ആഞ്ഞു ചവിട്ടി പിന്നിട്ട ദൂരങ്ങൾ കാണിച്ചു തന്ന ആർജ്ജവമായിരുന്നു എന്നും കൂടെ....

അച്ഛൻ മാത്രമായിരുന്നു കൂടെ...




Comments

Post a Comment

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ

അമ്മമ്മ