ഞാൻ ഒറ്റക്കാണ്... അവൾക്കതെ പറയാനുണ്ടായിരുന്നുള്ളു, ശബ്ദമില്ലാതെ..

ആരാണ് ഒറ്റക്കല്ലാത്തത്.. അവനും ശബ്ദമില്ലാതെ തന്നെ ചോദിച്ചു.... ഒറ്റക്കായിരിക്കുന്നതിലാണ് ആനന്ദിക്കേണ്ടത്..ചുറ്റും കാണുന്നവരെല്ലാം ഒറ്റക്കാണ്.അവരെല്ലാം കൂടെ എപ്പോഴൊക്കെയോ കൂട്ടമാകുന്നു പിന്നെ വീണ്ടും ഒറ്റക്കാകുന്നു.അതിൽ പുതിയതായി ഒന്നുമില്ല..തനിച്ചായെന്ന് നിനക്കെപ്പഴാണ് തോന്നിയത്,  പണ്ട് നിനക്ക് ആരൊക്കെയോ ഉണ്ടായിരുന്നെന്നാണോ എങ്കിൽ അവരെല്ലാം ഇപ്പൊ എവിടെ.. അന്നും നീ തനിച്ചു തന്നെയായിരുന്നു.

അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്..അവനു ചിരിക്കാൻ മാത്രമേ അറിയൂ.. ദേഷ്യപ്പെടുന്നതിൽ പോലുമുണ്ട് ചിരി.

ചുറ്റുപാടിനോടുള്ള അന്യതാബോധമാണ് തനിച്ചാണെന്ന തോന്നലുണ്ടാക്കുന്നത്..സ്വന്തമെന്നും അന്യമെന്നും കരുതണ്ട..എല്ലാം എല്ലാവർക്കും സ്വന്തം, അല്ലെങ്കിൽ ഒന്നും ആർക്കും സ്വന്തമല്ല..ചില അവസരങ്ങളിൽ ചിലതു നമ്മൾ സ്വന്തമാക്കി ഉപയോഗിക്കുന്നു. മറ്റു ചിലത് നമ്മുടെ കണ്ണിൽ പെടുന്നതുപോലുമില്ല.. നീ നിന്നെ സ്നേഹിക്കുക നിന്നെ മാത്രം....

അവനൊന്നു നിർത്തിയപ്പോൾ അവൾ തുടർന്നു... നീയെത്ര മനോഹരമായി സംസാരിക്കുന്നു.. ഞാൻ ചോദിയ്ക്കാൻ മടിക്കുന്ന ചോദ്യങ്ങൾക്കു പോലും നീ ഉത്തരങ്ങൾ തരുന്നു..എങ്ങനെയാണത്....ഞാനെന്തെന്നു പറയാതെ തന്നെ നീയെങ്ങനെയാണറിയുന്നത്..

അവൻ പിന്നെയും ചിരിച്ചു..ഞാൻ പുതുതായി ഒന്നും പറഞ്ഞില്ല നീ പുതുതായി ഒന്നും ചോദിച്ചുമില്ല.ഇതെല്ലാം സാധാരണമാണ്.എല്ലാ മനുഷ്യരും പുതുമകൾ വേണമെന്ന് ആഗ്രഹിക്കും പക്ഷെ അതിനായി ഒന്നും ചെയ്യില്ല അല്ലെങ്കിൽ ചെയ്യാൻ അവർക്ക് സാധിക്കില്ല. എല്ലാ ജീവിതങ്ങളിലും ഒരു സുവർണകാലമുണ്ടാകും,ചിലർക്കത് കഴിഞ്ഞുപോയകാലമാവുംചിലർക്ക് വരാനിരിക്കുന്നതും.വരാനിരിക്കുന്നതാണ് നിന്റെ സുവർണകാലം എന്ന് കരുതുക.ആഗ്രഹം തോന്നുന്നതെല്ലാം ചെയ്യുക.ഇഷ്ടങ്ങളോട് മുഖം തിരിക്കാതിരിക്കുക.അപ്പോൾ നീയറിയാതെ തന്നെ ചുറ്റുപാടുകൾ മാറും..

പക്ഷെ ഞാൻ നിസ്സഹായയാണ്..വാക്കുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാമെന്നല്ലാതെ പ്രവൃത്തിയിൽ അതൊന്നും കൊണ്ടുവരാനാവില്ല. ആഗ്രഹങ്ങളെ അടക്കാനാണ് ഞാൻ പരിശീലിക്കുന്നത്,ഒന്നും ആഗ്രഹിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരാശ എന്നെ അത്രമേൽ വേദനിപ്പിക്കുന്നു...

നിരാശയെന്തിനാണ്..അതും ഇത്ര ചെറിയൊരു ജീവിതത്തിൽ. നോക്കു.., ഈ സന്ധ്യയിൽ കഴിഞ്ഞുപോയൊരു പകലിന്റെ കിതപ്പുകളുണ്ട് വരാനിരിക്കുന്ന ഇരുണ്ട രാത്രിയുടെ നിഗുഢതകളുണ്ട്. ഈ രാത്രി ഉണർന്നിരിക്കൂ..ആ നിമിഷങ്ങളുടെ ഭംഗി എന്തെന്നറിയാൻ ശ്രമിക്കൂ..അപ്പോൾ രാത്രിയോടും ഇരുട്ടിനോടുമുള്ള നിന്റെ ഭയം, അജ്ഞത ഇവയെല്ലാമകന്നു പോകും.ഇരുട്ടൊരിക്കലും ഒളിക്കാനുള്ള സമയമല്ല ചിലതെല്ലാം പഠിക്കാനുള്ള സമയമാണ്. അത് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ വരുന്ന പകലിനെ നിനക്ക് കൂടുതൽ സന്തോഷത്തോടെ സ്വീകരിക്കാനാവും. രാത്രികൾക്കു വേണ്ടി നീയൊരുപക്ഷേ കാത്തിരിക്കും.. ജനിച്ചത് മുതൽ സ്വയം പാലിച്ചു പോന്ന ചിട്ടകളിൽ നിന്നും ഇടക്കൊക്കെ ഒന്ന് മാറി നടക്കാം..ജീവിതത്തോടുള്ള ഇഷ്ടം കൂടുകയേയുള്ളു.ആവർത്തനങ്ങളുടെ മടുപ്പിൽ മുങ്ങിപ്പോവുന്നതിനെയാണ് നീ നിരാശയെന്നു വിളിക്കുന്നത്....

കേട്ടതെല്ലാം പല തവണ മനസ്സിൽ ആവർത്തിച്ചുകൊണ്ട് അവൾ രാത്രികളെ സ്നേഹിക്കാനാരംഭിച്ചു..പകലിനെ അപേക്ഷിച്ചു രാത്രിയിൽ പേടിക്കാൻ മാത്രമായൊന്നുമില്ലെന്ന തിരിച്ചറിവിലേക്ക് അവൾ മെല്ലെ ചുവടുകൾ വച്ചു..ഇരുട്ടിലും അവൾക്ക് അനേകം നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ സാധിച്ചു. അവിടെ അവൾ ചിലപ്പോഴൊരു മാലാഖയായി ..മറ്റു ചിലപ്പോൾ ആകാശത്തെ ചിറകുകൾക്കടിയിലാക്കുന്നൊരു പക്ഷി.. ചില സമയങ്ങളിൽ സമുദ്രത്തിലൂടെ നീന്തി തുടിക്കുന്നൊരു നീലത്തിമിംഗലം..ലോകത്തിനു അതിരുകളില്ലെന്നവൾ തിരിച്ചറിയുകയായിരുന്നു..സ്വപ്നങ്ങൾക്ക് അതിർ വരമ്പുകളില്ലെന്നും...

നിശ്ശബ്ദമായ പങ്കുവെക്കലുകൾക്ക് ഉയർന്ന ശബ്ദ തീവ്രതയിലുള്ള വാക്കുകളേക്കാൾ വേഗതയിൽ മനസ്സ് കീഴടക്കാനാവും ....

പിന്നെയും സന്ധ്യകളും പകലിരവുകളും കൊഴിഞ്ഞു തീരവേ..അവന്റെ ഇരുട്ടുകോട്ടകളിലേക്കു വെള്ളിവെളിച്ചം വിരുന്നെത്താൻ തുടങ്ങി...അവൻ പകലുകളിലേക്കു കണ്ണ് തുറക്കാനൊരുങ്ങുമ്പോഴേക്കും അവൾ ഇരുട്ടിലുണർന്നിരിക്കാൻ പഠിച്ചു കഴിഞ്ഞിരുന്നു

Comments

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ

അമ്മമ്മ