വിടപറയലുകൾ...

അടുപ്പങ്ങൾക്കും അകലങ്ങൾക്കുമിടയിലെവിടെയോ കുറിച്ച് വക്കപ്പെടുന്നൊരു മുഹൂർത്തം.. നടക്കുന്ന അതെ നിമിഷത്തിലോ. അതുമല്ലെങ്കിൽ കഴിഞ്ഞു അനേകം കാലങ്ങൾക്കിപ്പുറമോ അറിയാം അതുണ്ടാക്കിയ  നോവിന്റെ നേർത്ത തിരയിളക്കങ്ങൾ......വിടപറയേണ്ടി വരുന്നത് എപ്പോഴാണ്, എന്തുകൊണ്ടാണ് എന്നതിനനുസരിച്ചു ആഴവും പരപ്പും കൂടുന്ന തിരയിളക്കങ്ങൾ......

തിരുശേഷിപ്പികളൊന്നുമില്ലാതെ വെറുമൊരു പുഞ്ചിരി കൊണ്ട് നീണ്ട മൗനത്തിനു തറക്കലിട്ടു കടന്നുപോകുന്നവർ..നെഞ്ച് പിടഞ്ഞിട്ടും ഒരു നേർത്ത വിതുമ്പൽ കൊണ്ടോ വിളറി വെളുത്തുപോയോരു പുഞ്ചിരികൊണ്ടോ പോലും ഒന്നും പുറത്തു കാണിക്കാതെ ഇതെനിക്ക് പരിചിതം മാത്രം എന്ന് പറയാതെ പറയുന്നവർ..

കണ്ണിൽ നിന്നും മറയുന്ന നേർത്ത പിൻകാഴ്ചകൾക്കിപ്പുറം ഓർമ്മകളുടെ വേലിയേറ്റമുണ്ടാകുമ്പോഴാകാം തിരയിളക്കങ്ങൾക്ക് ശക്തിയേറുന്നത്... എളുപ്പം പടിയിറങ്ങിപ്പോയ പാദപതനങ്ങൾക്കു പറയാൻ മറ്റൊന്നും ബാക്കിയില്ലെന്നുള്ളത് മിഥ്യാബോധമായിരുന്നു എന്ന തിരിച്ചറിവ്.. ഓരോനിമിഷങ്ങൾക്കും, അന്നൊന്നും കാണാനോ തൊട്ടറിയാനോ സാധിക്കാതിരുന്ന പുഞ്ചിരികളുടെ, ആശ്വാസങ്ങളുടെ. പങ്കുവെക്കലുകളുടെ നേർത്ത നൂലിഴകൾ കൊണ്ടുണ്ടായ  കെട്ടുറപ്പ്...

ഒന്നുമായിരുന്നില്ല ആരുമായിരുന്നില്ല എന്ന് ഉറക്കെയുറക്കെ പറയാനൊരുങ്ങുമ്പോൾ യാഥാർഥ്യത്തിന്റെ പാർവതീ ഹസ്തം കഴുത്തിനെ പിടിച്ചു മുറുക്കും..കുടിച്ചിറക്കാനാവാത്ത നേരുകളുടെ കൂട്ടത്തിലേക്ക് ഒരു നഷ്ടപ്പെടലിന്റെ വേദനയും കൂടി എഴുതി ചേർക്കും...

തിരഞ്ഞു മടുക്കുമ്പോൾ
ഉത്തരങ്ങൾ കിട്ടാതാവുമ്പോൾ
മടുപ്പു ബാധിക്കാനൊരുകുമ്പോൾ

അപ്പോൾ..

അപ്പോൾ മാത്രം ഓർമ്മ വരും
പിൻവിളികളില്ല പലായനങ്ങൾ മാത്രം

Comments

Popular posts from this blog

അഗ്നി.. അണയാതെ

കാലം നീട്ടിയ കൈ

അമ്മമ്മ