ബാല്യം - ചില സ്മരണകൾ
ഈ ഒരു കാര്യത്തിൽ മാത്രം എത്ര എഴുതിയാലും തീരാത്ത ഓർമകളാണ് എല്ലാവർക്കും ... അവിടെ ഒളിച്ചു വക്കലിന്റെയോ മറച്ചു പിടിക്കലിന്റെയോ ആവശ്യം ഇല്ല എന്നതാണ് ഏറ്റവും വലിയ സത്യം.. വരികൾക്കിടയിലൂടെ മറച്ചു പിടിച്ച് ഒന്നും പറയണ്ട.
മരം കേറി എന്ന ചീത്തപ്പേര് കേട്ടാണ് വളർന്നത്. ബാല്യകാല സുഹൃത്തുക്കൾ രണ്ടു പേർ . സനുവും വിനുവും. ആ പ്രായത്തിൽ അന്ന് ചെയ്യാവുന്ന എല്ലാ കുസൃതികളും നിറഞ്ഞ ബാല്യം. നിഷ്കളങ്കതയായിരുന്നു ഏറ്റവും വലിയ സൗന്ദര്യം.അന്ന് ചെയ്തിരുന്ന പ്രധാനപ്പെട്ട ക്രിമിനൽ ആക്ടിവിറ്റീസ് എന്നു പറയാവുന്നത് മോഷണവും സാഹസിക പ്രവർത്തനങ്ങളും ആയിരുന്നു. അച്ഛമ്മ ഒളിച്ചു വച്ചിരിക്കുന്ന പഴുത്ത മാങ്ങാ, പഴം, പലഹാരങ്ങൾ തുടങ്ങിയവ അടിച്ചു മാറ്റി കുളക്കടവിൽ പോയിരുന്നു കഴിക്കുക. വിൽക്കാനായി മെടഞ്ഞു വച്ചിരിക്കുന്ന ഓല കട്ടെടുത്ത് ഉണ്ണിപ്പുര കെട്ടുക. പറമ്പിലെ എല്ലാ മരങ്ങളിലും ബെറ്റ് വച്ച കയറുക. മാവിന്റെ ഉച്ചിയിലെ കൊമ്പിൽ ഒറ്റക്കു നിക്കുന്ന മാങ്ങാ എറിഞ്ഞു വീഴ്ത്തുക അങ്ങനെ പോകും കലാ പരിപാടികൾ.
അന്നൊക്കെ വെക്കേഷൻ എന്നു കേട്ടാൽ അമ്മക്കു പേടിയായിരുന്നു. അയൽപക്കത്തെ കുട്ടികൾ എല്ലാം പ്രിയപ്പെട്ട കൂട്ടുകാർ ആയിരുന്നു. വീടിനു ചുറ്റും ഒരു കൂട്ടം കുട്ടികൾ. ചെയ്യുന്ന കുറുമ്പുകൾ എന്തൊക്കെയായിരിക്കും എന്നു ഒരു മുൻ ധാരണയും ഉണ്ടാവില്ല. ചില ദിവസങ്ങളിൽ രാവിലെ തന്നെ കുളിക്കാനുള്ള പ്ലാനിടും. എട്ടു മണിക്ക് കുളത്തിൽ ചാടിയാൽ പിന്നെ പന്ത്രണ്ടു മണിക് അമ്മ വടിയും എടുത്തു വരണം കര കയറ്റാൻ. ഒരു കുളവും അഞ്ചാറു പിള്ളേരും, മതിയല്ലോ, ആ ദിവസം പിന്നെ ആർക്കും ആ കുളത്തിൽ കുളിക്കാൻ പറ്റില്ല. അങ്ങനെ കലക്കി മറിച്ചു കളയും.
അമ്മ വന്നു വിളിക്കുമ്പോ ആരും സോപ്പു പോലും തേച്ചിട്ടുണ്ടാവില്ല. തോർത്തി കയറി ചെല്ലുമ്പോ അമ്മേടെ വക സമ്മാനം ഉണ്ട്. പിന്നെ മുടി ചീകുമ്പോഴാണ് അടുത്ത സമ്മാനം. തല മുഴുവൻ മണലായിരിക്കും. ഇനി മേലാൽ കുളത്തിലേക്കു പോകുന്നത് ഞാൻ കാണണം എന്നൊരു മൂപ്പിക്കലാ...
അന്നൊക്കെ വലുതാകുന്നത് സ്വപ്നം കാണാറുണ്ട്. ആരുടേം ചീത്ത കേക്കണ്ട. ഇഷ്ടമുള്ളത് ചെയ്യാം, ഇഷ്ടമുള്ളിടത് പോകാം, പിന്നെ പ്രധാന കാര്യം, പഠിക്കേണ്ട.... വലുതാകുമ്പോ കിട്ടാൻ പോകുന്ന പണികളെ കുറിച്ച് അന്ന് ഒരു ബോധവും ഉണ്ടായിരുന്നില്ല.
ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നൊക്കെ പറഞ്ഞ പാഞ്ഞു നടക്കുന്ന പലരെയും കാണുമ്പോ തോന്നാറുണ്ട്. ഒരിക്കൽ ജീവിതം അതിന്റെ പരമോന്നതിയിൽ ആനന്ദിച്ചു തീർക്കാൻ ഭാഗ്യം കിട്ടിയവളാണല്ലോ ഞാൻ എന്ന് ..... അന്ന് ഉണ്ടായ ആനന്ദത്തിന്റെ ആയിരത്തിൽ ഒരംശം പോലും ഇന്നു കിട്ടുന്നില്ല, എന്തൊക്കെ ചെയ്തിട്ടും...
Comments
Post a Comment