യോഗാദിനം


ഓരോ യോഗാദിനവും മനസ്സിലേക്ക്  ഒരുപാട് ഓർമകൾ കൊണ്ടു വരും. ഒരു സുവർണ കാലഘട്ടത്തിന്റെ ഓർമകൾ. ഞാൻ മെഡിറ്റേഷൻ,യോഗ ഇതൊക്കെ പരിചയപ്പെടുന്നത് എൻ എസ് എസ്സിന്റെ വ്യക്തിത്വ വികസന ക്യാമ്പുകളിലൂടെയാണ്. ലക്ഷ്മി ദീദി, ലളിതാജി എന്നിവരാണ് ആദ്യകാല ഗുരുക്കൾ.

ക്യാമ്പിൻറെ ദിനചര്യയുടെ ഭാഗമായത് കൊണ്ടു മാത്രമായിരുന്നു ആദ്യം യോഗ ചെയ്തിരുന്നത്. പിന്നീട് അതു നൽകുന്ന ആത്മീയവും ശാരീരികവുമായ സുഖം അനുഭവിച്ചറിയാൻ തുടങ്ങി. പല തവണ ലക്ഷ്മി ദീദിയുടെ വിവേകാനന്ദ ആശ്രമം സന്ദർശിച്ചു. ധ്യാനം, ഭജൻ സന്ധ്യകൾ, പ്രഭാഷണങ്ങൾ, ഗീത പാരായണം അങ്ങനെ ആത്മജ്ഞാനത്തിന്റെ വഴിയിൽ കുറെ നാൾ. ജീവിതത്തിന്റെ തിരക്കുകൾ പലതിനും തടസ്സമായെങ്കിലും യോഗ ഒരു ശീലമായി ഇന്നും കൂടെയുണ്ട്.

മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസമേകുമെന്നതാണ് എന്നെ യോഗയോട് അടുപ്പിച്ചത്.ഡിഗ്രി, പീ ജി കാലഘട്ടങ്ങൾ  സൗന്ദര്യ സംരക്ഷണം പ്രധാന അജണ്ടയാകുന്ന സമയമാണല്ലോ, ആ സമയങ്ങളിൽ  എന്റെ ഒരുപാട് സുഹൃത്തുക്കളുടെ യോഗ ഗുരുവാകാനും അവസരം കിട്ടിയിട്ടുണ്ട്.

എപ്പോഴും തിരക്കുകളിലും ബഹളങ്ങളിലും ഇരിക്കുമ്പോൾ  നമുക്കുള്ളിലെ നമുക്ക് വേണ്ടി ചിലവഴിക്കാൻ അല്പസമയം കണ്ടെത്തുന്നത് ഇതുപോലുള്ള ചെറിയ ശീലങ്ങളിലൂടെയാണ്. വീണ്ടുമൊരു യോഗാദിനം കടന്നു പോകുമ്പോൾ കൃഷ്ണൻകുട്ടി മാഷിന്റെ വീട്ടു പറമ്പിലെ എൻ എസ് എസ് ക്യാമ്പും കൂട്ടുകാരും കൂട്ടിനുണ്ടായ ഇളം കാറ്റും പക്ഷികളും മരങ്ങളുമെല്ലാം മനസ്സിൽ താളമിട്ടുകൊണ്ടിരിക്കയാണ്........

Comments

Popular posts from this blog

കാലം നീട്ടിയ കൈ

അഗ്നി.. അണയാതെ

അച്ഛൻ മാത്രമായിരുന്നു കൂടെ...